05:24pm 26 July 2026
NEWS
'മാധ്യമസൃഷ്ടി മാത്രം'; ശശിധരൻ കർത്തയുടെ മൊഴി തള്ളി പിണറായി വിജയൻ
25/07/2026  12:41 PM IST
nila
മാധ്യമസൃഷ്ടി മാത്രം; ശശിധരൻ കർത്തയുടെ മൊഴി തള്ളി പിണറായി വിജയൻ

തിരുവനന്തപുരം: എക്‌സാലോജിക്–സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയതായി പുറത്തുവന്ന മൊഴി തള്ളി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അത് മാധ്യമങ്ങൾ സൃഷ്ടിച്ച കഥ മാത്രമാണെന്നും, കേസ് തന്നെ ലക്ഷ്യമിട്ടാണ് ചിലരുടെ ശ്രമങ്ങളെന്നും അദ്ദേഹം ആരോപിച്ചു. എകെജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് പിണറായി വിജയന്റെ പ്രതികരണം. 

മാധ്യമങ്ങളിൽ വരുന്ന എല്ലാ വാർത്തകളും ശരിയാണെന്ന് കരുതാനാകില്ലെന്നും, വർഷങ്ങളായി ഇത്തരത്തിലുള്ള വാർത്തകൾ സൃഷ്ടിച്ചുവരുന്നുണ്ടെങ്കിലും അതിലൂടെ ഒന്നും നേടാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. "മാധ്യമങ്ങളിൽ വന്നതുകൊണ്ട് എല്ലാം ശരിയാകുമോ? അതെല്ലാം നിങ്ങളുടെ സൃഷ്ടിയാണ്. എത്രകാലമായി ഇത്തരത്തിൽ വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതിലൂടെ എന്തെങ്കിലും ഫലമുണ്ടായോ? ഇനി ഇതും കുറച്ചുനാൾ നോക്കൂ," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വീണയ്ക്ക് എക്‌സാലോജിക്കിന് പുറമെ 'ലേക്കർ ഇന്ത്യാ കോർപ്പറേഷൻ' എന്ന മറ്റൊരു കമ്പനിയുണ്ടോ എന്ന ചോദ്യത്തിന്, "'കമലാ ഇന്റർനാഷണൽ വിട്ടോ?'" എന്ന മറുചോദ്യമാണ് പിണറായി വിജയൻ ഉന്നയിച്ചത്.

അതേസമയം, പിണറായി വിജയനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മകൾ ടി. വീണയ്ക്കും എക്‌സാലോജിക്കിനും പണം നൽകിയതെന്നും, എക്‌സാലോജിക്കോ വീണയോ സിഎംആർഎല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും ശശിധരൻ കർത്ത ഇ.ഡിക്ക് മൊഴി നൽകിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2024 ഏപ്രിൽ 17-ന് രേഖപ്പെടുത്തിയ ഈ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്.

ഇതിനിടെ, എക്‌സാലോജിക്കിന് പുറമെ 'ലേക്കർ ഇന്ത്യാ കോർപ്പറേഷൻ' എന്ന മറ്റൊരു കമ്പനിയുമായി വീണയ്ക്ക് ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മേയ് 27-ന് നടത്തിയ ഇ.ഡി റെയ്ഡിനിടെ വീണയുടെ വസതിയിൽ നിന്ന് ഈ കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img